കെ.ജി.ശശി
ബ്ലോഗുകളിൽ
ഞാൻ കഴിയുന്നതും വ്യക്തിപരമായ വിവരങ്ങൾ എഴുതാറില്ല. പക്ഷേ അപ്രകാരം ഒരു സന്ദർഭം വന്നിരിക്കുന്നു.
2015
ത്രിവത്സര എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ പത്താം റാങ്കും, തൃശ്ശൂർ ഗവണ്മെന്റ്
ലോ കോളേജിൽ ഒന്നാം റാങ്കും ലഭിച്ചിട്ടുള്ള വിദ്യാർത്ഥിയാണു ഞാൻ. കേരള സ്റ്റേറ്റ് ഗവണ്മെന്റ്
സർവീസിൽ ഗസറ്റഡ് ആഫീസറായിരിക്കേ സ്വയം വിരമിച്ച് തൃശ്ശൂർ ഗവണ്മെന്റ് ലോ കോളേജിൽ ത്രിവത്സര
എൽ.എൽ.ബിക്കു ചേർന്ന് പഠിച്ചു വരികയാണ്.
കോളേജിലെ
യൂണിയൻ തെരഞ്ഞെടുപ്പു കഴിയും വരെ പുതുതായി ചേർന്ന കുട്ടികൾക്ക് ആവശ്യമായ ഫോറങ്ങളും
മറ്റും വാങ്ങി ആഫീസിൽ എത്തിക്കുക, അന്നന്ന് എടുത്ത പാഠങ്ങൾ ക്ലാസ്സിൽ വരാനാകാത്തവർക്കു
കൂടി ഉപകാരമാകാൻ ബ്ലോഗിലിടുക തുടങ്ങി ചില്ലറ സഹായങ്ങളും ഞാൻ ചെയ്തു വന്നിരുന്നു. എന്നാൽ യൂണിയൻ
തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ക്ലാസ് പ്രതിനിധി ഔദ്യോഗികമായി നിലവിൽ വന്നതോടെ അതുവരെ ബാക്കിവന്ന
പ്രൈവറ്റ് കൺസഷൻ കാർഡ് സംബന്ധിച്ച പ്രശ്നങ്ങളിലും മറ്റും എന്തു മേൽ നടപടികളാണു സ്വീകരിക്കേണ്ടതെന്നു
അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയിരുന്നു. അദ്ദേഹം അക്കാര്യങ്ങളിൽ തുടർ നടപടികൾ സ്വീകരിയ്ക്കുന്നുണ്ടെന്നു
എന്നെയും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടായിരുന്നു.
കോളേജു
യൂണിയൻ തെരഞ്ഞെടുപ്പിനു മുമ്പ് എനിക്ക് ഏതെങ്കിലും വിദ്യാർത്ഥി സംഘടനയോട് അടുപ്പമുണ്ടാകുമെന്നു
പലരും കരുതിയിരുന്നു. യാതൊരു വക വോട്ടു പിടുത്തത്തിനും ഞാൻ ആർക്കും സഹായം ചെയ്യാതെ
നിഷ്പക്ഷത പാലിക്കുക മാത്രം ചെയ്തു. അക്കാലങ്ങളിലെല്ലാം ത്രീഫസ്റ്റ് ക്ലാസ്സിന്റെ പ്രവേശന
കവാടത്തിൽ ആരോ ശശിയേട്ടൻ ഈ ക്ലാസ്സിന്റെ ഐശ്വര്യം എന്നെഴുതി വച്ചു. പിന്നെ മറ്റാരുടേയോ
പേരു പ്രത്യക്ഷപ്പെട്ടു. പിന്നീട് ശശിയേട്ടൻ ഈ ക്ലാസ്സിന്റെ ഐശ്വര്യം വീണ്ടും പ്രത്യക്ഷപ്പെടുകയും
ചെയ്തു.
തെരഞ്ഞെടുപ്പു
കഴിഞ്ഞതോടെ കൺസഷൻ കാർഡ് ലഭ്യമാക്കാനാകാതെ വന്നതിനെ കുറിച്ച് ഞാൻ ക്ലാസ് പ്രതിനിധിയോട്
ആരായാറുണ്ടായിരുന്നു. കാര്യങ്ങളെല്ലാം പെട്ടെന്നു ശരിയാക്കാൻ യൂണിയൻ അക്കാര്യം സ്വയം
ഏറ്റെടുക്കുകയാണെന്നും ഉടൻ എല്ലാം ശരിയാകുമെന്നും ഒരിയ്ക്കൽ അദ്ദേഹം പറഞ്ഞതും ഞാൻ ഓർമ്മിക്കുന്നു.
അതിനിടെയാണ്
നമ്മുടെ കോളേജിൽ തൈക്കൂടം ബ്രിഡ്ജ് ബാൻഡിനെ തിരിച്ചയച്ച സംഭവമുണ്ടായതായി കേട്ടത്. അക്കാര്യം
കൈകാര്യം ചെയ്തതിൽ യൂണിയനു വീഴ്ചവന്നുവെന്നു ഞാൻ വ്യക്തിപരമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
എന്നാൽ പരസ്യമായി ആരോടും അക്കാര്യം സംസാരിച്ചിരുന്നില്ല.
എന്നാൽ
വൈകാതെ തന്നെ ത്രീഫസ്റ്റ് ക്ലാസ്സിന്റെ പ്രവേശന കവാടത്തിൽ ആരോ ശശിയേട്ടൻ ഈ ക്ലാസ്സിന്റെ
ശാപം എന്നെഴുതി വച്ചതായി കാണപ്പെട്ടു. അപ്പോളേ ആരോ എന്തോ ചെയ്യാനുദ്ദേശിക്കുന്നതായി
എനിക്കു ബോധ്യപ്പെട്ടിരുന്നു. മറ്റുള്ളവർ അത് ആരുടേയോ തമാശ മാത്രമായി കരുതുകയും ചെയ്തു.
ഒരാഴ്ച കഴിയും മുമ്പേ ഞങ്ങളുടെ SFI ബാനറിൽ ജയിച്ച ക്ലാസ് റപ്രസെന്റേറ്റീവ് എന്നെ കണ്ട്
രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചു. ഒന്നാമതായി ഞാൻ മുൻ ബഞ്ചിൽ നിന്നും മാറിയിരിയ്ക്കണം, രണ്ടാമതായി
ഞാൻ ക്ലാസ്സിൽ സംശയമൊന്നും ചോദിച്ചു പോകരുത്. മുൻ ബഞ്ചിൽ നിന്നും മാറിയിരിക്കാൻ ഞാനും
ആഗ്രഹിക്കുന്നുണ്ടെന്നും, അറിവിന്റെ അന്വേഷണത്തിനുള്ള എന്റെ സ്വാതന്ത്ര്യം ഞാൻ ഉപേക്ഷിക്കുമെന്നു
ഒരിക്കലും പറയുന്ന പ്രശ്നമില്ലെന്നും ഞാൻ മറുപടി പറഞ്ഞു.
അപ്പോളാണ്
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിലെ ഒരു വിദ്യാർത്ഥിനി ആത്മഹത്യാശ്രമം നടത്തിയതിനു
SFI ക്കാർ ഉത്തരവാദികളാണെന്നു കാട്ടി ABVP പഠിപ്പുമുടക്കിയത്. അന്ന് എന്റെ അമ്മയുടെ
ഒരു ലബോറട്ടറി ടെസ്റ്റ് റിസൽട്ട് കാട്ടുന്നതിനു വേണ്ടി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ
5 മണിയ്ക്കു ഡോക്ടറുമായി ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. അതിനാൽ എനിക്കു നേരത്തേ
കോളേജിൽ നിന്നും പോകാനാകുമായിരുന്നില്ല. അതിനാൽ ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നു. ഞാൻ ആ
സമരത്തിനോട് അനുകൂലമോ പ്രതികൂലമോ ആയിരുന്നില്ല. മാത്രമല്ല സർക്കാർ സേവനകാലത്തും ഞാൻ
ഏതെങ്കിലും അസ്സോസിയേഷനിലോ യൂണിയനിലോ ചേരുകയോ സമരം ചെയ്യുകയോ ചെയ്തിരുന്നുമില്ല.
എന്നാൽ
SFIയെ പ്രതിക്കൂട്ടിലാക്കി ABVP നടത്തിയ ആ സമരത്തിനു കുട്ടികളെ പുറത്തിറക്കിയതും എന്നോട്
പുറത്തിറങ്ങാൻ ആവശ്യമുന്നയിച്ചതും SFI ബാനറിൽ ജയിച്ച ക്ലാസ് റപ്രസെന്റേറ്റീവ് തന്നെയായിരുന്നു.
അദ്ദേഹം പോയതിനെ തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പല SFIക്കാരും എന്നോട് പുറത്തിറങ്ങാൻ
ആവശ്യപ്പെട്ടു. ഇതിനിടെ ABVPക്കാർ മേശയെടുത്തു നിലത്തടിയ്ക്കുകയും രണ്ടു വാതിലുകളും
അടയ്ക്കുകയും ചെയ്തു. അദ്ധ്യാപകരേയും അവർ ഭയപ്പെടുത്തി തിരികെ അയച്ചു.
ഏതാണ്ട്
ഒന്നേകാൽ മണിവരെ ഞാൻ ആ ക്ലാസ് മുറിയിൽ ഉണ്ടായിരുന്നു. അപ്പോളും എന്നെ ക്ലാസ്സിൽ നിന്നും
ഇറക്കാൻ ഓരോരുത്തരായി വരുന്നുണ്ടായിരുന്നു. അതോടെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിധി
പ്രകാരം ഒരു കുട്ടി പഠിയ്ക്കാൻ തയ്യാറായാൽ പോലും അദ്ധ്യാപകർ ക്ലാസ്സെടുക്കണമെന്ന വിധിന്യായം
ഈ കോളേജിലും നടപ്പിലാക്കണമെന്ന് കാട്ടി ഞാൻ പ്രിൻസിപ്പാൾക്ക് ഒരു അപേക്ഷ സമർപ്പിയ്ക്കുകയും
ചെയ്തു.
SFI
ബാനറിൽ ജയിച്ച ക്ലാസ് റപ്രസെന്റേറ്റീവിന്റെ സംഘം സ്ഥിരം ഫസ്റ്റ് ബഞ്ചിലിരിക്കുന്നതിനെ
കുറിച്ച് വീണ്ടും പരാതികൾ ഉന്നയിച്ചതിനാൽ ഞാൻ
ഫസ്റ്റ് ബഞ്ചിലും ലാസ്റ്റ് ബഞ്ചിലും മാറിമാറി ഇരിക്കാൻ തുടങ്ങി. ഞാൻ ക്ലാസ്സിൽ വല്ല
സംശയവും ചോദിച്ചാൽ അവരുടെ സംഘം ഡസ്കിലടിച്ചു ബഹളമുണ്ടാക്കാനും തുടങ്ങി. ഞാൻ ക്ലാസ്സിലെ
കുട്ടികളോട് മൊത്തത്തിൽ സംസാരിയ്ക്കാൻ പാടില്ലെന്നും ചിലർ ശാഠ്യം പിടിച്ചു. ഇതൊക്കെയും
പോരാഞ്ഞ് ഞാൻ അസൈൻമെന്റ് വയ്ക്കുന്ന രീതിയും എന്റെ പ്രസന്റേഷനും ശരിയല്ലെന്നും ക്ലാസ്സിൽ
ഞാൻ വല്ലതും സംസാരിച്ചാൽ അത് അനുവദിക്കരുതെന്നും
ടീച്ചർമാരോട് ആവശ്യപ്പെടുകയും അവർ അതിനു വഴങ്ങിയില്ലെങ്കിൽ ക്ലാസ് മൊത്തത്തിൽ അവരോടു
നിസ്സഹകരിയ്ക്കുമെന്നും ഇത് ക്ലാസ്സിന്റെ മൊത്തം അഭിപ്രായമാണെന്നും ഞങ്ങളുടെ റപ്രസെന്റേറ്റീവ്
ചില അദ്ധ്യാപകരോട് പറഞ്ഞതായും അറിയുന്നു. ഒരു അദ്ധ്യാപിക എന്നെ വിളിച്ച് ഇക്കാര്യം
പറയുകയായിരുന്നു.
ഇത്തരം
ഒരു സംഭവം ഉള്ളതായി മുതിർന്ന ഒരു SFI നേതാവിനോടു ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ
തയ്യാറായില്ല. അത് അവർ കൂടി അറിഞ്ഞിട്ടാണ് ഈ അപ്രഖ്യാപിത ഊരുവിലക്കെന്നു കരുതുവാൻ എന്നെ
പ്രേരിപ്പിക്കുന്നു.
കൂടാതെ
ത്രീഫസ്റ്റുകാരുടെ പ്രൈവറ്റ് കൺസഷൻ കാർഡിന്റെ നടപടികൾ ആരംഭിച്ചു വച്ചത് ഞാൻ ആയതിനാൽ,
മാസങ്ങൾക്കു മുമ്പേ RTO ആഫീസിൽ നിന്നും അനുമതി ലഭിച്ച പ്രൈവറ്റ് കൺസഷൻ കാർഡ് ഈ സെമസ്റ്ററിലെങ്ങും
യാതൊരു ത്രീഫസ്റ്റ് വിദ്യാർത്ഥിക്കും കൊടുത്തു പോകരുതെന്നു കോളേജു യൂണിയനും പ്രിൻസിപ്പാളും
തീരുമാനമെടുത്തതായും പറയപ്പെടുന്നു.
ഇരുപത്തി
മൂന്നു വർഷം തുടർച്ചയായി ഭരണസംവിധാനത്തിനകത്തെ അഴിമതിയേയും സ്വജന പക്ഷപാതത്തേയും രാഷ്ട്രീയക്കാരുടെ
അനീതിപരമായ ഇടപെടലുകളേയും സർക്കാർ സർവീസിലിരുന്നു നിരന്തരം ഒരു സംഘടനയുടേയും ബലമില്ലാതെ
എതിർത്തു വന്നിരുന്ന എനിയ്ക്ക് ഈ അപ്രഖ്യാപിത ഊരുവിലക്ക് അത്ര വലിയ പ്രശ്നമായി തോന്നുന്നില്ല.
എങ്കിലും പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തീരെ അനുയോജ്യമല്ലാത്ത ഒരു കോളേജാണിന്ന്
ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന തൃശ്ശൂർ ഗവണ്മെന്റ് ലോ കോളേജ് എന്നു പറയാതെ വയ്യ.
ലോകത്തിലെങ്ങും
നടക്കുന്ന ഫാസിസ്റ്റ് പ്രവണതയെക്കുറിച്ചു പറയുന്ന SFIക്കാർക്ക് അവർ നടത്തുന്ന ഈ പ്രാകൃത
സാസ്കാരിക നടപടിയുടെ വെളിച്ചത്തിൽ ഈ കോളേജിലെങ്കിലും അതിനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു.
പഠിക്കണം
എന്നതല്ലാതെ തൃശ്ശൂർ ഗവണ്മെന്റ് ലോ കോളേജിൽ വന്നതിനു മറ്റൊരു കാരണവും ഇല്ലാത്ത എനിക്ക്
കാലം കരുതി വച്ച നിയോഗം എന്തായിരിക്കും?
SFI
കടമെടുത്ത ബിഷപ്പ് പൌലോസ് മാർ പൌലോസിന്റെ വാക്കുകൾ ഓർമ്മ വരുന്നു, “നിശബ്ദരായിരിക്കാൻ
നിങ്ങൾക്കെന്തവകാശം?”
No comments:
Post a Comment